2016 ഓഗസ്റ്റ് 31, ബുധനാഴ്‌ച

വേദന അല്ല മോനെ, മരവിപ്പാ.....



വര്‍ഷങ്ങള്‍ക്ക് മുന്നേ..ഞാന്‍ പ്രീഡിഗ്രീക്ക്പഠിക്കുന്ന കാലം. ഇത് പോലൊരു ബസ്സില്‍ ഏറണാകുളത്ത് നിന്നും കൊടുങ്ങല്ലൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. സീറ്റുകള്‍ നിറഞ്ഞിരിക്കുന്നു. കുറച്ചു പേര്‍ നില്‍ക്ക്ന്നുമുണ്ട്.. അത്യാവശ്യം ദൂരം സഞ്ചരിക്കേണ്ടതിനാല്‍ കയറിയപ്പോള്‍ മുതല്‍ നിലാവത്തഴിച്ചു വിട്ട കോഴിയെപ്പോലെ ആരേലും സീറ്റില്‍ നിന്നും പൊങ്ങുന്നുണ്ടോ എന്നായിരുന്നു. ആരേലും അനങ്ങിയാല്‍ തന്നെ അങ്ങോട്ട്‌ വെച്ച് പിടിക്കാന്‍ മനസ്സ് വെമ്പും. കുറച്ചു ദൂരം പിന്നിട്ടപ്പോ അതാ ഒരാള്‍ അനങ്ങുന്നു...

അങ്ങോട്ട്‌ നീങ്ങാന്‍ വേണ്ടി മുകളിലെ കമ്പിയില്‍ നിന്നും കൈ എടുക്കലും സഡന്‍ ബ്രേക്കും ഒരുമിച്ച്. ഞാന്‍ ആര്ത്തലച്ച് തൊട്ടടുത്ത് നിന്ന 40-45 വയസ്സുള്ള ഒരു ചേട്ടന്റെ് മേലേക്ക്.... 80കിലോയോളം തൂക്കമുള്ള... അത്യാവശ്യം തടിയുള്ള ഞാന്‍ ചെന്നു വീണ ആളുടെ; മുഖത്ത് പോലും നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ലെങ്കിലും... മറ്റുള്ളവരെ കരുതി ഞാന്‍ ആ ചേട്ടനോട് ചോദിച്ചു :

" ചേട്ടാ... വേദനയുണ്ടോ?"

ഒരു ഭാവഭേദവും ഇല്ലാതെ അദ്ദേഹം പറഞ്ഞു..

" ഇല്ല മോനെ... ഒന്നുംഇല്ല..." എനിക്ക് വിശ്വാസം വന്നില്ല. അല്ല, അങ്ങിനെ വരാന്‍ ഒരു വഴിയും ഇല്ല... എന്നെപ്പറ്റി എനിക്കറിയാലോ ഞാന്‍ വീണ്ടും ചോദിച്ചു...

" അല്ല ചേട്ടാ... ഒന്നും പറ്റിയില്ലേ....." ഉടന്‍ വന്നു മറുപടി....

" മോനെ... ഇപ്പൊ എന്ത്‌ പറയാനാ... കൂടം കൊണ്ടിടിച്ചത് പോലെയുണ്ട്..... ഈ മരവിപ്പോക്കെ ഒന്ന് മാറട്ടെ... എന്നിട്ട് ഞാന്‍ പറയാം എവിടെയൊക്കെ വേദനയുണ്ടെന്ന്.... അത് പോരെ മോനെ?"

നിസഹായമായ ആ മറുപടി അത് വരെ ഒന്നും പറയാതെ നിന്ന ബസ്സിലെ മറ്റു യാത്രക്കാരുടെ കൂട്ടചിരിക്ക് വഴിമാറി.....

പ്ലിംഗ്....


പല തരം പ്ലിംഗ് ഉണ്ട്... പക്ഷെ ചോദിച്ചു വാങ്ങിയ പ്ലിംഗ്.... അത് പലപ്പോഴും കുറവായിരിക്കും.... ഇതാ ഒരെണ്ണം......
പിന്നെ... ഇത് എത്രത്തോളം നിങ്ങള്‍ക്ക് ആസ്വാദനം നല്‍കും എന്നെനിക്കരിയില്ല... കാരണം, തമാശയില്‍ പ്രഥമസ്ഥാനം സാഹചര്യത്തിനാണല്ലോ...
അപ്പൊ... കഥയിലേക്ക് വരാം....
കോളേജിലെ ഇടവേളസമയം.... (അടുത്ത ക്ലാസ്സുകളിലെ പെണ്‍കുട്ടികളുമായി കത്തിവയ്ക്കാന്‍ കിട്ടുന്ന സമയം ആണല്ലോ ഇടവേള) ആയത് കൊണ്ടുതന്നെ ഒട്ടുംതന്നെ പാഴാക്കാറില്ല....
ഒരുപാട് കുട്ടികളെ ദിവസവും കാണാറുണ്ടെങ്കിലും എല്ലാവരുടെയും പേര് അറിയില്ലായിരുന്നു. എന്നാലും വിളിപ്പേരും... ചിരിയിലും എല്ലാം ഒപ്പിച്ചു പോയിരുന്നകാലം. ഒരു ദിവസം പതിവ്പരിപാടി നടന്നു കൊണ്ടിരിക്കെ... ക്ലാസിലെ സുന്ദരിയായ കുട്ടി (സ്മിത, അവളുടെ പേര് ഇനി ഞാന്‍ മറക്കില്ല. അവളെ ഒന്ന് സുഖിപ്പിക്കാന്‍ വേണ്ടി ഇപ്പോഴും അവളുടെ ഉച്ചയൂനില്‍നിന്നും പലതും എടുത്തു... ഉം... നല്ല രുചി എന്നൊക്കെ വിടാറുണ്ട്..) വേറെഒരു കുട്ടിയെ ചൂണ്ടി എന്നോട് ചോദിച്ചു...
"ആ കുട്ടിയുടെ പേരെന്താ? "
ഞാന്‍ നോക്കി... സ്ഥിരം കാണുന്ന ആള്‍ ആണ്. പക്ഷെ പേരറിയില്ല.... ഞാന്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞു...
"ആ എനിക്കറിയില്ല.... "
ഉടനെ തന്നെ വന്നു അവളുടെ മറുചോദ്യം.... "താന്‍ അയാളുമായി സ്ഥിരം സംസാരിക്കുന്ന കാണാറുണ്ടല്ലോ..."
അതിനും എന്‍റെ മറുപടി ഉടന്‍ തന്നെ.... " അതിപ്പോ, അങ്ങിനെ എല്ലാവരുടെയും പേരോര്‍ത്തിരിക്കാന്‍ പറ്റുമോ?, അതൊക്കെ ഒരു നമ്പറല്ലേ"
(പെണ്ണുങ്ങള്‍ പണ്ടേ സ്മാര്‍ട്ട് ആണെന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കിലും.. എനിക്ക് അനുഭവം എനിക്കില്ലാത്തത് കൊണ്ട് ആ കാര്യം ഞാന്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല.)
ഉടനെ വന്നു ഇടിത്തീ പോലെ ആ ചോദ്യം... " അപ്പൊ സുനൈസേ....... തനിക്കെന്‍റെ പേരറിയാമോ?" എന്‍റെ പേരെടുത്ത് വിളിച്ച്, അവളുടെ പേരറിയാമോ എന്ന് ചോദിച്ചപ്പോ, ആ സത്യം ഞാന്‍ മനസ്സിലാക്കി... അവളുടെ പേരെനിക്കറിയില്ല.... കഴിഞ്ഞ രണ്ടുമൂന്നു മാസമായി സംസാരിക്കുന്ന, അവളുടെ ലഞ്ച്ബോക്സില്‍ കൈയിട്ടുവാരുന്ന എനിക്ക് അവളുടെ പേരും അറിയില്ല.
പിന്നെ... ഞാന്‍ മറുപടിക്കൊന്നും നിന്നില്ല.... രക്തശോഭമായ എന്‍റെ മുഖം കൂടി അവളില്‍ നിന്നും മറയ്ക്കാനായി തിരിഞ്ഞു നടന്ന എന്നെ പുറകില്‍നിന്നും തോണ്ടി... അവള്‍ എന്നോട് പറഞ്ഞു.....
"സ്മിത..... അതാ എന്‍റെ പേര്..... ഇനി മറക്കണ്ട..." വെറുതെയാണെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കി തലയാട്ടി..... ക്ലാസ്സില്‍ ഞങ്ങള്‍ക്കും ചുറ്റുമുണ്ടായിരുന്ന ആരെയും എനിക്ക് ആ നട്ടുച്ചയ്ക്കും.... കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.....
പ്ലിംഗ് പലതുണ്ടെങ്കിലും ഈ പ്ലിംഗ്..... ഈ ജന്മം മറക്കാന്‍ പറ്റുമോ എന്നെനിക്കറിയില്ല...