
വര്‍ഷങ്ങള്‍ക്ക് മുന്നേ..ഞാന്‍ പ്രീഡിഗ്രീക്ക്പഠിക്കുന്ന കാലം. ഇത് പോലൊരു ബസ്സില്‍ ഏറണാകുളത്ത് നിന്നും കൊടുങ്ങല്ലൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. സീറ്റുകള്‍ നിറഞ്ഞിരിക്കുന്നു. കുറച്ചു പേര് നില്ക്ക്ന്നുമുണ്ട്.. അത്യാവശ്യം ദൂരം സഞ്ചരിക്കേണ്ടതിനാല്‍ കയറിയപ്പോള്‍ മുതല്‍ നിലാവത്തഴിച്ചു വിട്ട കോഴിയെപ്പോലെ ആരേലും സീറ്റില്‍ നിന്നും പൊങ്ങുന്നുണ്ടോ എന്നായിരുന്നു. ആരേലും അനങ്ങിയാല്‍ തന്നെ അങ്ങോട്ട് വെച്ച് പിടിക്കാന്‍ മനസ്സ് വെമ്പും. കുറച്ചു ദൂരം പിന്നിട്ടപ്പോ അതാ ഒരാള്‍ അനങ്ങുന്നു...
അങ്ങോട്ട് നീങ്ങാന്‍ വേണ്ടി മുകളിലെ കമ്പിയില്‍ നിന്നും കൈ എടുക്കലും സഡന്‍ ബ്രേക്കും ഒരുമിച്ച്. ഞാന്‍ ആര്‍ത്തലച്ച് തൊട്ടടുത്ത് നിന്ന 40-45 വയസ്സുള്ള ഒരു ചേട്ടന്റെ് മേലേക്ക്.... 80കിലോയോളം തൂക്കമുള്ള... അത്യാവശ്യം തടിയുള്ള ഞാന്‍ ചെന്നു വീണ ആളുടെ; മുഖത്ത് പോലും നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ലെങ്കിലും..
" ചേട്ടാ... വേദനയുണ്ടോ?"
ഒരു ഭാവഭേദവും ഇല്ലാതെ അദ്ദേഹം പറഞ്ഞു..
" ഇല്ല മോനെ... ഒന്നുംഇല്ല..." എനിക്ക് വിശ്വാസം വന്നില്ല. അല്ല, അങ്ങിനെ വരാന്‍ ഒരു വഴിയും ഇല്ല... എന്നെപ്പറ്റി എനിക്കറിയാലോ ഞാന്‍ വീണ്ടും ചോദിച്ചു...
" അല്ല ചേട്ടാ... ഒന്നും പറ്റിയില്ലേ....." ഉടന്‍ വന്നു മറുപടി....
" മോനെ... ഇപ്പൊ എന്ത് പറയാനാ... കൂടം കൊണ്ടിടിച്ചത് പോലെയുണ്ട്..... ഈ മരവിപ്പോക്കെ ഒന്ന് മാറട്ടെ... എന്നിട്ട് ഞാന്‍ പറയാം എവിടെയൊക്കെ വേദനയുണ്ടെന്ന്.... അത് പോരെ മോനെ?"
നിസഹായമായ ആ മറുപടി അത് വരെ ഒന്നും പറയാതെ നിന്ന ബസ്സിലെ മറ്റു യാത്രക്കാരുടെ കൂട്ടചിരിക്ക് വഴിമാറി.....
